ഒരു കവിത എഴുതണമെന്നുണ്ട്. കാര്യം ഏകാന്തതയാണ്... വായിക്കാനും ചിന്തിക്കാനും ഏറെ സമയം... കഴിഞ്ഞ പ്രാവശ്യം കണ്ണൂരിൽ ഒരു പകൽ ഒഴിവായി കിട്ടി. റെയിൽവെസ്റ്റേഷന് അടുത്തുള്ള ലോഡ്ജിലായിരുന്നു താമസം. രാവിലെ അടുത്തുളള ഇന്ത്യൻ കോഫി ഹൌസിൽ നിന്ന് ഒരു മസാൽദോശയും കഴിച്ച് ടൗൺ ചുറ്റാനിറങ്ങി. പയ്യമ്പലം ബീച്ച് അത്ര അടുത്താണെന്നറിഞ്ഞിരുന്നുവെങ്കിൽ ആ പകൽ മുഴുവൻ അവിടെ ചിലവഴിച്ചേനെ. നന്നായി...
നാഷണൽ ബുക്‌സിന്റെ ഒരു ഷോപ്പുണ്ട് ടൗണിൽ തന്നെ, നേരെ അവിടേക്ക് കേറി.
ഏറെ നാളായി പരതി നടക്കുന്ന ഒരു പുസ്തകമുണ്ട്... "കമ്മ്യുണിസത്തിന്റെയും കുരിശിന്റെയും നാട്ടിൽ നിന്ന്" യൂറോപ്പിന്റെ, വിശേഷാൽ ചെക്ക് റിപ്പബ്ലിക്കിന്റെ സഞ്ചാരസാഹിത്യ കൃതിയാണ്. അലമാരയിൽ നിന്ന് കളഞ്ഞുപോയ ഒരു തടിയൻ കടലാസ്‌കെട്ടായിരുന്നു അത്. അഗുസ്തി എന്ന് വിളിക്കുന്ന ഒരു അഗസ്റ്റിൻ ആണ് ഗ്രന്ഥകർത്താവ്. ഇഷ്ടപ്പെടാൻ ഏറെയുണ്ട് ആ പുസ്തകത്തിൽ. തന്റെ ഭാര്യക്ക് കുഞ്ഞി എന്ന വിളിപ്പേരിൽ അദ്ദേഹമെഴുതുന്ന കത്തുകളാണ് സംഗ്രഹം. വളരെ നർമ്മ ബോധത്തോടെ പശ്ചാത്യസംസ്കാരത്തെ അവതരിപ്പിക്കുന്ന ഒരു കൃതി. കൈമോശം വന്നതിൽ വിഷമമുണ്ട്.
തലശ്ശേരി പുതിയബസ്റ്റാന്റിൽ പ്രഭാതങ്ങളിൽ മാത്രം പഴയ പുസ്തകങ്ങളുമായി എത്തുന്ന ബഷീറിക്ക ഒപ്പിച്ചുതരാമെന്ന് ഏറ്റിട്ടുണ്ട്.
മൂപ്പരുടെ കയ്യിൽ നിന്നാണ് നമ്മുടെ "ഇന്ന് ഞാൻ നാളെ നീ","മയ്യഴി പുഴയുടെ തീരങ്ങളിൽ" എന്നീ നോവലുകൾ കിട്ടിയത്. അന്ന് കുറെ പുസ്തകങ്ങൾ വാങ്ങിയിരുന്നു കൂട്ടത്തിൽ ഇക്ക ഒരു കമ്മ്യുണിസ്റ് മാനിഫെസ്റ്റോയുടെ സംഗ്രഹകൃതിയും സൗജന്യം തന്നു.
മയ്യഴി,നമ്മുടെ മാഹി. മുകുന്ദൻ മാഷ് പറഞ്ഞു തന്ന ഒരു മയ്യഴിയുണ്ട്. കൈമോശം വന്ന മയ്യഴി. മാറ്റം അനിവാര്യമാണ്. എന്നാൽ പഴമയുടെ മണം തരുന്ന ഒരു അനുഭൂതിയുണ്ട്. ഗ്രഹാതുരുത്വത്തിന്റെയല്ല, മറിച്ച് ജന്മാന്തരങ്ങൾക്കുമപ്പുറം നാം അനുഭവിച്ച എന്തോ ഒന്ന്. കഴിഞ്ഞു പോയവ വായിച്ചറിയുമ്പോൾ നമ്മളിൽ ചില ചോദ്യങ്ങളുണ്ടാവില്ലേ അവ കൂടുതലാവുമ്പോൾ, ഉത്തരമില്ലാണ്ടാവുമ്പോൾ ഒരു നിഗൂഢത അനുഭവപ്പെടും. പിന്നെ അന്വേഷണമായി. തലമുറകൾ ഏരിഞ്ഞടങ്ങിയ ചുടലപ്പറമ്പിൽ വൃഥാ...
മാഹി, വിലകുറച്ചു ഇന്ധനവും മദ്യവും കിട്ടുന്ന ഇടം. ബൈക്കിൽ ചുറ്റിയിട്ടുണ്ട് മയ്യഴിപ്പാലം, പള്ളി, കടപ്പുറം, കവലകൾ, നാടൻവഴികൾ, പീഡികകൾ, സായിപ്പിന്റെ ബാംഗലോ, കല്ലറ, നിരവധി തൂലികകൾ ചലിപ്പിച്ച ഹോട്ടൽ മുറികൾ, കോപ്പാലത്തെ മദ്യഷാപ്പുകൾ...
ഇല്ല, നാഷ്ണൽ ബുക്സുകാരും കൈ മലർത്തി. അവരുടെ കമ്പ്യൂട്ടർ ലീസ്റ്റിലും ഈ പുസ്തകത്തെ പറ്റി ഒരു വിവരവുമില്ല. പോട്ടെ, ഗൂഗിളിൽ പോലും ഒരു രേഖയും ഇല്ലാത്തതാണ്. എവിടെയേലും ഉറങ്ങുന്ന കൃതികൾ ഉണ്ടാവും. ഇക്കയെ പോലുള്ള ചാത്തന്മാർ അതെന്റെയടുത്ത് എത്തിക്കും.
പറഞ്ഞുവന്നത് ഇതാണ്, അന്ന് ഏറെ മണിക്കൂറുകൾ ഞാൻ ആ ബുക്‌ഷോപ്പിൽ ഉണ്ടായിരുന്നു. സാഹിത്യത്തിന്റെ എല്ലാ കോണിൽ നിന്നുമുള്ള കൃതികൾ. എന്റെ രുചിക്കിണങ്ങുന്നവ ഞാൻ കുറെ വാങ്ങി. ബില്ലിങിന് തൊട്ട് മുമ്പ് മാത്രമാണ് കവിതകളുടെ ഭാഗത്തേക്ക് പോയത്. വെറുതെ, ബഡ്ജറ്റിൽ കൂടുതൽ വാങ്ങിക്കൂട്ടിയതിനാൽ ഒന്നുമെടുക്കണമെന്നില്ലായിരുന്നു.
എന്നാൽ ഒരു ചെറു പുസ്തകം കണ്ണിലുടക്കി. പേര് തന്നെ കാരണം. "ഘനശ്യാമം" ജി.രാധാമണിയമ്മയുടെ കവിതകൾ. വെറുതെ മറിച്ചു നോക്കിയപ്പോഴെ ഒരു കനം അനുഭവപ്പെട്ടു. ആശയങ്ങളുടെ, കഴ്‌ച്ചപ്പാടുകളുടെ, സാഹിത്യത്തിന്റെ, നന്മയുടെ... കവിതയെ ആദ്യമായി അല്ല അനുഭവിക്കുന്നത്. കരയിപ്പിച്ച, ഓർമ്മകൾ ഒരു എങ്ങൽ സമ്മാനിക്കുന്നവ, നിരവധി.
എന്തോ, ചില പൂച്ച കാവ്യകാർത്താക്കളാവാം വിരക്തിയുണ്ടാക്കിയത്.
അങ്ങനെ ഘനശ്യാമവും എന്റെ ഷെൽഫിൽ ഇടം പിടിച്ചു. മഴയുള്ള ഒരു പകൽ മനസ്സിൽ ശൂന്യത അനുഭവപ്പെട്ടപ്പോൾ നേരെ ഘനശ്യാമെടുത്തു. പിന്നെ ഓരോ കവിതയും നൽകുന്ന മാസ്മരിക ചിന്താസരണികളിലൂടെ ഒരു ഒഴുക്കാണ്, നമ്മുടെ ചിന്തകളെയും കാഴ്ചപ്പാടുകളെയും സ്വാധീനിക്കുന്ന ഒരു അനുഭവം. സംഗീതത്തിന് നമ്മുടെ മനസിന്റെ സ്ഥായി ഭാവത്തിൽ മാറ്റങ്ങളുണ്ടാക്കാൻ കഴിയുമല്ലോ... അതിന് നാം വരികളിലൂടെ സഞ്ചരിക്കണം. കവി തന്റെ തൂലിക കൊണ്ട് സൃഷ്ടിക്കുന്ന ആ പ്രകമ്പനത്തിലൂടെ...
ഈ പ്രകമ്പനത്തിൽ നാം അറിയാതെ സൃഷ്ടിക്കുന്ന ഒരു അനുഭൂതിയുണ്ടല്ലോ... കവിതയുടെ ലഹരി. അതിൽ ആകൃഷ്ടനായൊരു വേളയിലാണ് കവിത എഴുതുന്നതിനെ പറ്റി ചിന്തിച്ചത്...
Thursday, 22 June 2017
കാവ്യോദ്ധീപനം
Subscribe to:
Post Comments (Atom)
പ്രയാണം
എനിക്ക് ശ്വസിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആ ശ്വാസം എന്നിൽ ജീവനെ നിലനിർത്തുന്നുണ്ടെങ്കിൽ ഞാൻ ഇവിടുന്ന് തുടങ്ങുകയാണ്... എന്റെ ശരികൾ എന്റെ മാത്രം ശ...
-
ഒ രു കവിത എഴുതണമെന്നുണ്ട്. കാര്യം ഏകാന്തതയാണ്... വായിക്കാനും ചിന്തിക്കാനും ഏറെ സമയം... കഴിഞ്ഞ പ്രാവശ്യം കണ്ണൂരിൽ ഒരു പകൽ ഒഴിവായി കി...
-
എനിക്ക് ശ്വസിക്കാൻ പറ്റുന്നുണ്ടെങ്കിൽ ആ ശ്വാസം എന്നിൽ ജീവനെ നിലനിർത്തുന്നുണ്ടെങ്കിൽ ഞാൻ ഇവിടുന്ന് തുടങ്ങുകയാണ്... എന്റെ ശരികൾ എന്റെ മാത്രം ശ...
-
മങ്ങാറി, ഞാൻ ശലഭമാണ്... നുകർന്ന മധുരത്തിന്റെ ഉന്മാദത്തിൽ, ദിശ തെറ്റി പറന്നുകൊണ്ടിരിക്കുന്ന അത്യുന്മാദിയായ ഒരു ശലഭം.
No comments:
Post a Comment